തിരുവനന്തപുരം മെഡിക്കൽ കോളേജ്: സുരക്ഷാഭീഷണിയുയർത്തി തുണി മറച്ച ഐസിയു; ആശങ്കയിൽ രോഗികളും ഡോക്ടർമാരും
BY: SUMESHKRISHNAN
തിരുവനന്തപുരം:
രാജ്യത്തെ മുൻനിര ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതീവ ഗുരുതരമായ സാഹചര്യമെന്ന് റിപ്പോർട്ട്. മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും സ്ഥിരം ഐസിയു പ്രവർത്തനസജ്ജമാക്കാത്തത് രോഗികളുടെ ജീവന് ഭീഷണിയാകുന്നു. നിലവിൽ തുണികൾ കെട്ടി മറച്ച താൽക്കാലിക സംവിധാനത്തിലാണ് തീവ്രപരിചരണ വിഭാഗം (ICU) പ്രവർത്തിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ നടന്ന അപകടത്തിന് ശേഷം മാറ്റിയ രോഗികൾ ഇപ്പോഴും ഇടുങ്ങിയതും സുരക്ഷിതമല്ലാത്തതുമായ ഈ താൽക്കാലിക ഇടങ്ങളിൽ തുടരുകയാണ്. അണുബാധ തടയേണ്ട ഐസിയു പോലെയുള്ള ഇടങ്ങളിൽ തുണി ഉപയോഗിച്ച് മറയ്ക്കുന്നത് രോഗികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ജനറൽ സർജറി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകി.
അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞവരും അതീവ ഗുരുതരാവസ്ഥയിലുള്ളവരുമായ രോഗികൾക്ക് ഇത്തരം സാഹചര്യങ്ങളിൽ ചികിത്സ നൽകുന്നത് വലിയ വെല്ലുവിളിയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി ഐസിയു ഉടൻ തന്നെ പഴയ രീതിയിൽ പ്രവർത്തനക്ഷമമാകുമെന്നാണ് ആശുപത്രി അധികൃതരുടെ ഔദ്യോഗിക വിശദീകരണം.
നേരത്തേ 32 ഐസിയു വെന്റിലേറ്റര്‍ കിടക്കകൾ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ താല്‍ക്കാലിക വാര്‍ഡുകളില്‍ 20 കിടക്കകൾ മാത്രമാണ് ഉള്ളത്. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ക്ലിയറന്‍സ് വൈകുന്നതാണ് ഐസിയു സജ്ജമാക്കാനുള്ള കാലതാമസത്തിന് കാരണം എന്നാണ് അധികൃതർ പറയുന്നത് ..
