ചടയമംഗലത്ത് 13 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസ്: രണ്ടാനച്ഛൻ പിടിയിൽ; മുഖ്യമന്ത്രിയുടെയും വനിതാ ശിശുവികസന മന്ത്രിയുടെയും അടിയന്തര ഇടപെടൽ
-BY: KOLLAM MOHANAN PILLA
കൊല്ലം: ചടയമംഗലത്ത് 13 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയായ രണ്ടാനച്ഛൻ രാജേഷിനെ പോലീസ് പിടികൂടി. കൊല്ലം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പ്രതിയെ വലയിലാക്കിയത്. സംഭവത്തിൽ അടിയന്തരമായി ഇടപെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ, കൊല്ലം റൂറൽ എസ്.പിയെ നേരിട്ട് വിളിച്ച് പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ കർശന നിർദേശം നൽകുകയായിരുന്നു.
കർശന നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ
സംഭവം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയ ഉടൻ തന്നെ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും വിഷയത്തിൽ ഇടപെട്ടു. സംഭവത്തിൽ കേസെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മന്ത്രി നിർദേശം നൽകി. കൊട്ടാരക്കര റൂറൽ പോലീസുമായി ഫോണിൽ ബന്ധപ്പെട്ട മന്ത്രി അന്വേഷണം ഊർജിതമാക്കാൻ ആവശ്യപ്പെട്ടു. കുട്ടിക്ക് ആവശ്യമായ കൗൺസിലിംഗും സംരക്ഷണവും ഉറപ്പാക്കുമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികളെ ക്രൂരമായി മർദിക്കുന്നവരെ വെച്ചുപൊറുപ്പിക്കാൻ സർക്കാരിനോ സമൂഹത്തിനോ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. “അമ്മയായാലും ബന്ധുക്കളായാലും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് കണ്ടുനിൽക്കാൻ പാടില്ല. സ്വന്തം നിലയിൽ തടയാൻ കഴിയുന്നില്ലെങ്കിൽ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണം,” മന്ത്രി ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി.
മാനസികാരോഗ്യത്തിന് പുതിയ പദ്ധതികൾ
ജുവനൈൽ ജസ്റ്റിസ് ആക്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കാലമാണിതെന്നും കുട്ടികളുടെ മാനസിക നിലയിൽ വരുന്ന മാറ്റങ്ങൾ സമൂഹത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചെറിയ പ്രായം മുതൽ കുട്ടികളുടെ ശാരീരിക ആരോഗ്യത്തിന് നൽകുന്ന അതേ പ്രാധാന്യം മാനസിക ആരോഗ്യത്തിനും നൽകണം. ഇതിനായി വനിതാ ശിശുവികസന വകുപ്പ് പുതിയ ശാസ്ത്രീയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ പോവുകയാണെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
