രാജ്യത്ത് ഇന്ധനവില വർധനവിന് സാധ്യത: പെട്രോളിനും ഡീസലിനും 4-5 രൂപ വരെ കൂടിയേക്കും

 രാജ്യത്ത് ഇന്ധനവില വർധനവിന് സാധ്യത: പെട്രോളിനും ഡീസലിനും 4-5 രൂപ വരെ കൂടിയേക്കും

ന്യൂഡൽഹി:

രാജ്യത്ത് ഇന്ധന വിലയിൽ വർധനവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, പെട്രോളിനും ഡീസലിനും ലിറ്ററിന് 4 മുതൽ 5 രൂപ വരെയും ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് 40 മുതൽ 50 രൂപ വരെയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

നാല് വർഷത്തിന് ശേഷമുള്ള ആദ്യ വർധനവ്?

2022 മുതൽ ഇന്ധനവിലയിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ ചില്ലറ വിൽപ്പന നിരക്കുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ഈ നിർദ്ദേശം അംഗീകരിച്ചാൽ, കഴിഞ്ഞ നാല് വർഷത്തിനിടയിലെ ആദ്യത്തെ ഇന്ധനവില വർധനവാകും ഇത്. എണ്ണ വിപണന കമ്പനികൾ ഇന്ധനവില വർധിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാരിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്.

കേന്ദ്ര സർക്കാരിന്റെ നിലപാട്

തിരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും ഇന്ധനവില വർധിപ്പിക്കണമെന്ന എണ്ണ കമ്പനികളുടെ ആവശ്യം തൽക്കാലം അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷം മാത്രം അന്തിമ തീരുമാനമെടുക്കാമെന്നാണ് സർക്കാർ അറിയിക്കുന്നത്. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ കഴിഞ്ഞ മാസം 15 ശതമാനത്തോളം കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.

പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടങ്ങിയ ശേഷം വാണിജ്യ എൽപിജി സിലിണ്ടറുകളുടെയും പ്രീമിയം പെട്രോളിന്റെയും വില എണ്ണ കമ്പനികൾ നേരത്തെ വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നേരിയ വർധനവുണ്ടായെങ്കിലും, പെട്രോളിയം ഉത്പന്നങ്ങളുടെ എൺപത് ശതമാനത്തോളം വില പിടിച്ചു നിർത്താൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News