മന്ത്രിസഭായോഗ തീരുമാനങ്ങൾ: വാൽപ്പാറ ദുരന്തത്തിൽ സഹായധനം; ശമ്പള കമ്മീഷന് അധിക തസ്തികകൾ

 മന്ത്രിസഭായോഗ തീരുമാനങ്ങൾ: വാൽപ്പാറ ദുരന്തത്തിൽ സഹായധനം; ശമ്പള കമ്മീഷന് അധിക തസ്തികകൾ

തിരുവനന്തപുരം:

വാൽപ്പാറയിൽ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ. ഇതിനൊപ്പം പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനം വേഗത്തിലാക്കാൻ 14 പുതിയ തസ്തികകൾ സൃഷ്ടിക്കാനും ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

വാൽപ്പാറ ദുരന്തം: ധനസഹായം അനുവദിച്ചു

മലപ്പുറം പാങ്ങ് ഗവ. യു.പി സ്കൂളിലെ ജീവനക്കാരും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന്, ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ വീതം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മരണപ്പെട്ട സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളികളായ സാജിദ, റുഖിയ, ഷക്കീല, വിദ്യാർത്ഥി മുഹമ്മദ് ഹിഷാം എന്നിവരുടെ ആശ്രിതർക്കാണ് ഈ ധനസഹായം ലഭിക്കുക.

അപകടത്തിൽ പരിക്കേറ്റ മുഹമ്മദ് ഷഹാദിൻ, മസ്നീൻ, വാഹനത്തിന്റെ ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചെലവ് സർക്കാർ പൂർണ്ണമായും വഹിക്കും. ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്ക്, ഇൻഷുറൻസ് തുകയ്ക്ക് പുറമെ ചികിത്സയ്ക്കായി അധികം ചെലവായ തുകയുണ്ടെങ്കിൽ അതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ യോഗം തീരുമാനിച്ചു.

ശമ്പള കമ്മീഷന് അധിക തസ്തികകൾ

പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി 14 അധിക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനമായി. ഈ തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് മന്ത്രിസഭായോഗം സാധൂകരിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News