മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ: ജില്ലാതല മത്സരം ഇന്ന്; കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന് മന്ത്രി
തിരുവനന്തപുരം: വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ‘മയിൽപ്പീലി യങ് സ്കോളർഷിപ്പ്’ പരീക്ഷയുടെ ജില്ലാതല മത്സരം ഇന്ന് (നവംബർ 22) രാവിലെ 10 മുതൽ 11 വരെ നടക്കും. ഹൈക്കോടതിയുടെ അനുമതിയെ തുടർന്നാണ് ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) പരീക്ഷ സംഘടിപ്പിക്കുന്നത്. ഉപജില്ലാ തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1,610 വിദ്യാർഥികളാണ് ജില്ലാതല പരീക്ഷയിൽ മാറ്റുരയ്ക്കുന്നത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 86 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ബാലഗോകുലം പ്രസിദ്ധീകരണമായ ‘മയിൽപ്പീലി’ മാസികയും എൻടിയുവും സംയുക്തമായാണ് മത്സരം നടത്തുന്നത്.
അതേസമയം, പരീക്ഷയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി. പരീക്ഷ നടത്താനുള്ള അനുമതി സർക്കാർ നേരത്തെ പിൻവലിച്ചതിനെതിരെ എൻടിയു സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. എന്നാൽ, പരീക്ഷ നടത്താൻ മാത്രമാണ് കോടതി അനുമതി നൽകിയതെന്നും ഫലം പ്രസിദ്ധീകരിക്കാനോ സംസ്ഥാനതല മത്സരം നടത്താനോ അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
രാജ്യത്തിന്റെ പൊതുനയങ്ങൾ ഉയർത്തിപ്പിടിക്കുന്ന പരിപാടികൾക്ക് മാത്രമേ അനുമതി നൽകാനാകൂ എന്ന് മന്ത്രി പറഞ്ഞു. മയിൽപ്പീലി ഒരു രാഷ്ട്രീയ സംഘടനയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമാണെന്നും വിദ്യാർഥികൾക്കായി നടത്തുന്ന പരീക്ഷകൾക്ക് അനുമതി നൽകുമ്പോൾ പൊതുനയങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ സർക്കാർ വരും ദിവസങ്ങളിൽ വ്യക്തമായ നയം രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വിവാദത്തിന്റെ പശ്ചാത്തലം
കേരളത്തിലെ എൽപി, യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ‘യങ് സ്കോളർ എക്സാം’ എന്ന പേരിൽ സ്കോളർഷിപ്പ് പരീക്ഷ നടത്താനാണ് മയിൽപ്പീലി മാസികയും ദേശീയ അധ്യാപക പരിഷത്തും പദ്ധതിയിട്ടത്. പൊതുവിദ്യാലയങ്ങളിൽ പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് ആദ്യം അനുമതി നൽകിയിരുന്നു.
എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ അറിവോടെയല്ല ഈ അനുമതി നൽകിയതെന്ന വിവരം പുറത്തുവന്നതോടെയാണ് വിഷയം കടുത്ത വിവാദമായത്. സംഘപരിവാർ ആശയങ്ങളുള്ള സംഘടനയുടെ പരീക്ഷയ്ക്ക് സർക്കാർ സ്കൂളുകളിൽ അനുമതി നൽകിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളും എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് മന്ത്രി എൻ ഷംസുദ്ദീൻ അടിയന്തരമായി ഇടപെടുകയും പരീക്ഷ നിർത്തിവയ്ക്കാൻ നിർദേശം നൽകുകയും നവംബർ 14-ന് അനുമതി പിൻവലിക്കുകയുമായിരുന്നു.
